Yoga"യോഗ" എങ്ങനെയാണ് ചെയ്യേണ്ടത്?
യോഗയ്ക്ക് എട്ട് അംഗങ്ങള്‍ ഉണ്ടെന്നു അറിയാമല്ലോ.
(അറിയാത്തവര്‍ ദയവായി "യോഗ" എന്നാല്‍ എന്താണ്?" എന്ന പോസ്റ്റ് വായിക്കുക).
യോഗ ചെയ്യാന്‍ തുടങ്ങും മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.യോഗ ചെയ്യണമെങ്കില്‍ ചില നിഷ്കര്‍ഷകള്‍ ഉണ്ട്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും എല്ലായ്പോഴും യോഗ ചെയ്യാന്‍ കഴിയില്ല.
എന്നാല്‍ അവനവന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയാല്‍ നമുക്കെല്ലാവര്‍ക്കും യോഗ ചയ്യാന്‍ സാധിക്കുകയും ചെയ്യും.
ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം, നാം ആത്മീയ ഉന്നമനത്തിനായി യഥാര്‍ത്ഥ അഷ്ടാംഗയോഗം ചെയ്യാനാണൊ ഉദ്ദേശിക്കുന്നത് അതോ ആരോഗ്യ സംരക്ഷണത്തിനാണോ അല്ല,രോഗം മാറ്റാനാണോ എന്നുള്ളതാണ്.
ഈ മൂന്ന് ഉദ്ദേശങ്ങള്‍ക്കും മൂന്നു രീതിയാണ് അനുവര്‍ത്തിക്കേണ്ടത്.
ഒന്നാമത്തെ വിഭാഗം -ആത്മസാക്ഷാത്കാരം ലക്ഷ്യമായുള്ളവര്‍ക്ക്.
ഇതിനുള്ള മാര്‍ഗം അഷ്ടാംഗയോഗം ശുദ്ധമായ വ്രതചര്യകളോടു കൂടി അനുവര്‍ത്തിക്കുക എന്നതാണ്.
അഷ്ടാംഗങ്ങൾ എന്നാൽ യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണെന്ന് അറിയാമല്ലോ.
അഷ്ടാംഗയോഗം ചെയ്യാനുള്ള പ്രാഥമിക യോഗ്യതകളാണ് യമനിയമങ്ങള്‍. These are the moral and ethical codes for Ashtangayoga.
യമം - അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ് യമങ്ങള്‍.
അഹിംസ - മനസ്സും, ശരീരവും, വാക്കും കൊണ്ട് ആരേയും മുറിവേല്‍പിക്കാതിരിക്കുക
സത്യം - സത്യം പറയുക, കളവു പറയാതിരിക്കുക.
അസ്തേയം - അന്യന്റേതായ ഒന്നും മോഷ്ടിക്കാതിരിക്കുക.
ബ്രഹ്മചര്യം - ലൈംഗികമായ എല്ലാ വിചര, വികാര പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കുക.
നിയമം - ശൗചം, സന്തോഷം, തപസ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവയാണ് നിയമങ്ങള്‍.
ശൗചം -മാനസികവും ശാരീരികവും ആയ ശുദ്ധി.
സന്തോഷം - തൃപ്തി എന്നണ് ഇതിനര്‍ത്ഥം. അമിതാഹ്ലാദം എന്നല്ല.
തപസ് - അതിയായ ഏകാഗ്രതയോടെ, ചെയ്യുന്ന കാര്യത്തില്‍ മാത്രം മുഴുകിയിരിക്കുന്ന അവസ്ഥ.
സ്വാധ്യായം - സ്വയം പഠനം, അവനനവനെക്കുറിച്ചുള്ള പഠനം
ഈശ്വരപ്രണിധാനം - ഈശ്വരചിന്തനം
ഇത്രയുമായാല്‍ ഒരു അഷ്ടാംഗയോഗിക്ക് അടുത്ത ഘട്ടമായ ആസനം പരിശീലിക്കാം!
ആസനം - സ്ഥിരവും സുഖവും ആയ ഇരിപ്പ് / നില എന്നാണ് ഈ വാക്കിനര്‍ത്ഥം.
സമാധിയിലേക്കെത്താന്‍,ഏകാഗ്രത നഷ്ടപ്പെടാതെ ധ്യാനിച്ചിരിക്കാന്‍ പറ്റിയ ഇരിപ്പ്. അതാണ് ആസനം. ഏതെങ്കിലും ഒരു ആസനത്തില്‍ ഒരു യാമം (മൂന്നു മണിക്കൂര്‍) തുടര്‍ച്ചയായി സുഖമായും സ്ഥിരമായും ഇരിക്കാന്‍ കഴിഞ്ഞാല്‍ ആസനജയം സിദ്ധിച്ചു എന്നു പറയാം.
ഈ സിദ്ധി കൈവന്നാല്‍ പ്രാണായാമം ചെയ്യാം.
പ്രാണായാമം - ശ്വസനക്രമം നിയന്ത്രിക്കലാണ് പ്രാണായാമം എന്ന് ലഘുവായി പറയാം.
ഇത് ഒരേ സമയം ശ്വാസനിയന്ത്രണവും ഊര്‍ജനിയന്ത്രണവും ആണ്. അതിലൂടെ മനോനിയന്ത്രണവും.
സ്ഥിരമായ പ്രാണായാമം മനോനിയന്ത്രണത്തിലേക്കെത്തിയാല്‍ അടുത്ത ഘട്ടം തുടങ്ങാം.
പ്രത്യാഹാരം -'കൊതിയടക്കാനുള്ള കഴിവ്' എന്ന് ഇതിനെ വിളിക്കാം!
അഞ്ച് ഇന്ദ്രിയങ്ങളാണ് നമുക്കുള്ളത്(sense organs).ഇവയിലൂടെയും മനസ്സിലൂടെയുമാണ് നാം എല്ലാ അനുഭവങ്ങളും സാക്ഷാല്‍കരിക്കുന്നത്.
കണ്ണ്, മൂക്ക്, നാക്ക്,ത്വക്ക്, ചെവി എന്നിവയാണ് ഇന്ദ്രിയങ്ങള്‍.
കാണാനുള്ള കൊതി, ഗന്ധത്തോടുള്ള കൊതി, രുചിയോടുള്ള കൊതി, സ്പര്‍ശത്തോടുള്ള കൊതി,ശബ്ദത്തോടുള്ള കൊതി... ഇവ അടക്കാനുള്ള കഴിവാണ് പ്രത്യാഹാരം.
നമുക്കിഷ്ടപ്പെട്ടവയോടൊക്കെ നമുക്കു കൊതി തോന്നും. യോഗികള്‍ക്ക് അതു പാടില്ല.
ധാരണാ - പ്രത്യാഹാരം എന്ന നില കൈവന്നാല്‍ ധാരണ തുടങ്ങാം.
അങ്ങേയറ്റത്തെ ഏകാഗ്രത (concentration) ആണ് ധാരണ. എതെങ്കിലും ഒരു തത്വത്തില്‍, ബിന്ദുവില്‍ അല്ലെങ്കില്‍ ദൈവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് യോഗിയുടെ ലക് ഷ്യം.
അങ്ങനെ ഏകാഗ്രത കൈ വന്നാല്‍ ധ്യാനം ശീലിക്കാം.
ധ്യാനം - എകാഗ്രതയുടെ (concentration ന്റെ) ധാര മുറിയാതെ ഉള്ള തുടര്‍ച്ചയാണ് ധ്യാനം.
എന്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചോ, അതില്‍ തന്നെ തുടരാനുള്ള കഴിവാണ് ഇത്. ഇതു കൈവന്നാല്‍ അവസാന ഘട്ടത്തിലേക്കെത്താം.
സമാധി - ധ്യാനത്തിന്റെ നിഷ്ഠാപൂര്‍ണമായ പരിസമാപ്തിയാണ് സമാധി.
ഇവിടെ സാധകന്‍, എതു രൂപത്തെ ധ്യാനിച്ചിരിക്കുന്നുവോ അതുമായി വിലയം പ്രാപിക്കുന്നു. ഇത് രണ്‍ട് തരം ഉണ്ട്. സമ്പ്രജ്ഞാത സമാധിയും അസമ്പ്രജ്ഞാത സമാധിയും.
സമ്പ്രജ്ഞാത സമാധിയില്‍ അവനവനെക്കുറിച്ചുള്ള നേരിയ ബോധം അവശേഷിക്കുന്നു. അതുകൊണ്ട് ആ സമാധിയില്‍ നിന്നു തിരിച്ചു വരാം.
അപ്പോള്‍ വെളിപ്പെട്ട തത്വങ്ങളെ കുറിച്ചു വീണ്ടും മനനം ചെയ്യാം. ശിഷ്യന്മാര്‍ക്കു പറഞ്ഞു കോടുക്കാം. സന്ന്യാസിമാരും,മുനിമാരുമൊക്കെ ഇങ്ങനെ ചെയ്തിരുന്നവരാണ്.
എന്നാല്‍ അസമ്പ്രജ്ഞാത സമാധിയിലാവട്ടെ സാധകന് സ്വന്തം അസ്തിത്വത്തെ
കുറിച്ച് അല്പം പോലും ബോധം അവശേഷിക്കില്ല. അതുകോണ്ടു തന്നെ തിരിച്ചു വരവുമില്ല.
യോഗിയുടെ ജീവാത്മാവ് പരമാത്മാവില്‍ ലയിച്ചു ചേരുന്നു. പിന്നീട് ജനനവുമില്ല മരണവുമില്ല.
(കര്‍മത്തേയും കര്‍മഫലത്തേയും കുറിച്ച് "യോഗ" എങ്ങനെയാണ് ചെയ്യേണ്ടത്?
എന്ന ബ്ലോഗില്‍ സൂചിപ്പിച്ചിട്ടുണ്ട്)
ഇപ്പോള്‍ തന്നെ കൂടുതലായി എന്നു തോന്നുന്നുണ്ടോ?
പ്രത്യേകിച്ച് അസുഖമൊന്നുമില്ലാത്തവര്‍ ആരോഗ്യസമ്രക്ഷത്തിനായി എങ്ങനെ യോഗ ചെയ്യണം?
താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. യോഗ നന്നായി അറിയാവുന്ന ഒരാളില്‍ നിന്നായിരിക്കണം അതു പഠിക്കേണ്ടത്. സ്വയം പഠിച്ചുകളയാം എന്ന ചിന്ത വേണ്‍ട.
2. എട്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ യോഗ ചെയ്യേണ്ടതില്ല. അവര്‍ കളിച്ചും ചിരിച്ചും വളരട്ടെ!
3. കഴിയുന്നതും വെജിറ്റേറിയന്‍ ആയിരിക്കുന്നതാണ് നല്ലത്.
4. കഴിയുന്നതും കള്ളം പറയാതിരിക്കുക ; മറ്റുള്ളവരുടെ നന്മകള്‍ കാണാന്‍ ശ്രമിക്കുക. ക്രമേണ യമനിയമങ്ങള്‍ കൈവന്നുകൊള്ളും.
5. പറ്റുമെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പ്രാഥമിക ആരോഗ്യ പരിശോധന നടത്തുന്നത് നന്നായിരിക്കും. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ പലപ്പോഴും നമുക്ക് അദൃശ്യമായിരിക്കും. ഈ രോഗങ്ങളുള്ളവര്‍ അതറിയാതെ യോഗ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക.
6. രാവിലെ, അല്ലെങ്കില്‍ ഭക്ഷണം കഴിഞ്ഞ് മൂന്നു മണിക്കൂര്‍ എങ്കിലും കഴിഞ്ഞേ യോഗ ചെയ്യാവൂ.
7.കാറ്റും വെളിച്ചവുമുള്ള വൃത്തിയായ ഒരു മുറിയില്‍ നല്ല നീളവും വീതിയുമഉള്ള ഒരു കോട്ടണ്‍ ബെഡ്ഷീറ്റ് വിരിച്ച് അതില്‍ നിന്നു വേണം യോഗ ചെയ്യാന്‍.
8. ഇറുക്കമില്ലാത്ത, അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു വേണം യോഗ ചെയ്യാന്‍.
9. ക്ഷമയും നിശ്ചയദാര്‍ഢ്യവും പാലിക്കുക. ലളിതമായ ആസനങ്ങള്‍ ആദ്യം ശീലിക്കുക. ചിലപ്പോള്‍ നാം ആഗ്രഹിക്കുന്ന വേഗതയില്‍ ആസനങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
10. തിടുക്കം കൂട്ടാതിരിക്കുക;അത്യധ്വാനം ചെയ്യാതിരിക്കുക.
11. തുടക്കക്കാര്‍ക്ക് യോഗ തുടങ്ങുമ്പോള്‍ അല്പം 'പിടുത്തം' ശരീരത്തിന് തോന്നാം. അതിന് ചെറിയ തോതില്‍ 'ലൂസനിംങ് എക്സര്‍സൈസ്' ചെയ്യാം.
12. തുടര്‍ന്ന് ലളിതമായ ആസനങ്ങള്‍ പരിശീലിക്കാം.
13. മൂന്നു തരത്തിലാണ് ആസനങ്ങള്‍ - ഇരുന്ന്, നിന്ന്, കിടന്ന്.
14. ഇരുന്നു ചെയ്യാവുന്ന ആസനങ്ങള്‍ക്ക് ഉദാഹരണം - സുഖാസനം, സ്വസ്തികാസനം, വജ്രാസനം, പദ്മാസനം, ഗോമുഖാസനം, ഭദ്രാസനം മുതലായവ.
15. നിന്നുകൊണ്ടു ചെയ്യവുന്ന ആസനങ്ങള്‍ക്ക് ഉദാഹരണം - പാദഹസ്താസനം, ത്രികോണാസനം, താഡാസനം, വൃക്ഷാസനം മുതലായവ.
16. കിടന്നുകൊണ്ടുള്ള ആസനങ്ങള്‍ക്ക് ഉദാഹരണം - ശലഭാസനം, മകരാസനം, ശവാസനം, ഭുജംഗാസനം മുതലായവ.
17. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ആസനം ചെയ്യാന്‍ പാടില്ല.
18. ഇരുന്നു കൊണ്ടുള്ള ഏതെങ്കിലും ആസനം നന്നായി ചെയ്യാന്‍ പഠിച്ചാല്‍ പ്രാണായാമം ശീലിക്കാം.
19. ആദ്യം ലളിതമായ അനുലോമ - വിലോമ പ്രാണായാമം പഠിക്കാം.
- Log in to post comments